2010 ഏപ്രിൽ 4, ഞായറാഴ്‌ച
പരിണാമം (ചെറു കഥ )
മാറുന്ന ലോകത്തിന്റെ അര്‍ത്ഥശൂന്യതയില്‍ പ്രതിഷേധിച്ചു ഞാനെന്‍റെ താടിയും മുടിയും നീട്ടി വളര്‍ത്തി.
വളരെ നാളുകള്‍ കൊണ്ട് , നീണ്ടു ജടകെട്ടിയ ഒരു പ്രാകൃത രൂപമെനിക്ക് കൈവന്നു . താമസിയാതെ പ്രകൃതിയിലെ ക്ഷുദ്രജീവികള്‍ അവയുടെ വാസസ്ഥലം എന്‍റെ ജരാനരയ്ക്കുള്ളില്‍ കണ്ടെത്തിയത് ഞാന്‍ വൈകിയാണെങ്കിലും അറിഞ്ഞിരുന്നു . അവയെ ആട്ടിയോടിക്കുവാന്‍ ഞാന്‍ മിനക്കെട്ടില്ല. സഹജീവികളോട് ഞാന്‍ അപ്രകാരം നീതി പുലര്‍ത്തുവാന്‍ പരിശ്രമിച്ചു. നിശബ്ദം ഞാന്‍ അവയെ സഹിച്ചു.
അധികം താമസിച്ചില്ല. അവ കുടുംബമായി, സമൂഹമായി പെറ്റു പെരുകി.
വന്നവയൊന്നും തിരികെ പോകാന്‍ കൂട്ടാക്കിയില്ല, അവയുടെ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് എന്നെ വിട്ട്പോകാത്തത് എന്ന് ഞാനും ധരിച്ചു.
മെല്ലെ മെല്ലെ അതിഥികള്‍ ആതിഥെയരാവാന്‍ തുടങ്ങി.മുന്‍കാല പ്രാബല്യത്തൊടെ അവ എന്‍റെ മേല്‍ പട്ടയം പതിച്ചെടുക്കാന്‍ തുടങ്ങി . എന്‍റെ ശരീരം അവര്‍ ഭക്ഷണം ആക്കാനും എന്‍റെ രക്തം അവരുടെ ദാഹം തീര്‍ക്കുവാനും ഉപകരിച്ചു തുടങ്ങി. അനന്തരം ഞാന്‍ നേര്‍ത്തു നേര്‍ത്തു വന്നു. സഹജീവി സ്നേഹം എന്നില്‍ ലഹരി നിറചിരുന്നതിനാല്‍ ഞാന്‍ അതൊക്കെ നിരാകരിച്ചു. അവയുടെ സ്നേഹം കണക്കിലെടുത്ത് ഞാനെന്‍റെ അനാരോഗ്യതിനെതിരെ പുറംതിരിഞ്ഞു നിന്നു.
ഒരിക്കല്‍ ഞാന്‍ അവയില്‍ ചിലതിന്‍റെ സംസാരം കേള്‍ക്കാന്‍ ഇടയായി. "ഈ വിഡ്ഢിയില്ലായിരുന്നു എങ്കില്‍ ബുദ്ധി ജീവികളുടെ ഈ ലോകത്ത് നാം എവിടെ പോയേനെ ?. എങ്ങനെ ജീവിച്ചേനെ?". അതെന്നെ തിരിച്ചറിവുള്ളവനാക്കി. ഞാന്‍ ഉണര്‍ന്നു . ലോകം മാറിയതറിഞ്ഞു. മാറ്റം നേരില്‍ കണ്ടു. ഞെട്ടലോടെ തിരിച്ചറിഞ്ഞു :" എന്നെ പോലെ ഇന്ന് ഞാന്‍ മാത്രമേ ഉള്ളു എന്ന് " .
ഞാന്‍ സ്വയം പുച്ഛിച്ചു. അന്ന് എന്‍റെ രോമങ്ങള്‍ ക്ഷുരകന്റെ കത്തിക്കിരയായി .
ഒരു വിഡ്ഢിയില്‍ നിന്നും ഒരു ബുദ്ധിജീവിയിലെക്കുള്ള പരിണാമം ആയിരുന്നു അത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ