എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നീ ഇന്നും
മൗനം പൂണ്ടു നിന്നതേയുള്ളൂ.
പറയാതെ പറഞ്ഞെന്നെ കേള്‍പ്പിക്കാന്‍,
കാതോര്‍തിരിക്കാന്‍ പറഞ്ഞു
ചിരിക്കാതെ ചിരിച്ചു നീ വീണ്ടും മറഞ്ഞു.
പറയാതെ പറഞ്ഞും, കേള്‍ക്കാതെ കേട്ടും,
മിണ്ടാതെ മിണ്ടിയും, പിണങ്ങാതെ പിണങ്ങിയും
ഞാനും നീയും ജീവിക്കാന്‍ മറന്നു ജീവിച്ചു !
തലവെച്ചുകൊണ്ട് നീ മന്ത്രിച്ചവയോന്നും
പിന്നീട് എന്‍റെ കാതുകളില്‍ പതിഞ്ഞതെയില്ല.
നിന്റെ സ്വരം പോരാഞ്ഞോ, എന്‍റെ ശ്രവണം കുറഞ്ഞിട്ടോ ?
തീര്‍ച്ചയില്ല !
എന്‍ നെഞ്ചിലെ രോമങ്ങള്‍ ഒന്നൊന്നായി നീ പിഴുതെറിയുംമ്പോഴും
അവ പക്ഷെ ചൂടേറ്റ് കരിഞ്ഞിരുന്നില്ല, എനിക്ക് വേദനിച്ചതുമില്ല.
അതെന്തോ, നീ നിന്‍റെയാ പ്രവര്‍ത്തി ഒരിക്കലും നിര്ത്തിയതുമില്ല.
പിന്നെ പിന്നെ എപ്പോഴോ നീ നീമാത്രമായി, ഞാന്‍ ഞാന്‍ മാത്രവും.
നമ്മള്‍ നമ്മിലേക്ക് ഉള്‍വലിഞ്ഞു "നമ്മള്‍" ഇല്ലാതായി..
ഇനി നീയും ഞാനും, അതത്രമാത്ര,മെന്ന് പരസ്പരം ചൊല്ലിയതുമില്ല, എന്നിട്ടും !
പ്രിയേ, കൂടുതല്‍ സാന്ദ്രമായ ഒരന്തരീക്ഷത്തില്‍ എനിക്ക് നീയാകണം
നമുക്കിടയിലെ കല്‍ച്ചീളുകള്‍ പൊടിച്ചു, ഭസ്മമാക്കി, നമ്മളാകണം.
നമ്മളെ നമ്മളറിയുന്ന ആ നിമിഷത്തെ ഹൃത്തോട് ചേര്‍ക്കണം.
നിന്‍റെ മടിയില്‍ തലചായ്ച്ചു, സ്വപ്‌നങ്ങള്‍ കണ്ടു കണ്ട്
എനിക്ക് എന്‍റെ അവസാനശ്വാസം
ഏറെ പ്രീയപെട്ടതാക്കണം !
Posted in koottam.com on January 7, 2010


