2010 ഏപ്രിൽ 4, ഞായറാഴ്‌ച

ഉപേക്ഷിക്കപെട്ട സ്നേഹം



വേനലില്‍ ഉപേക്ഷിക്കപെടും എന്ന് തീര്‍ച്ചയായിട്ടും
മഞ്ഞു കാലത്ത്‌ ഞാന്‍ നിന്നെ ഇറുകെ പുണര്‍ന്നിരുന്നു ..

കൊടും വേനലിനും , കുളിര്‍ മഞ്ഞിനും ഇടയിലുള്ള കാലങ്ങളില്‍ ,
അനേകായിരം പ്രണയകാവ്യങ്ങള്‍ നിനക്കായ് ഞാന്‍ എഴുതി ..

ചൂടേറ്റു വിയര്‍ക്കുമ്പോളും , മഞ്ഞില്‍ തണുത്തുറയുമ്പോഴും ,
ഞാന്‍ നിന്നെകുറിചോര്‍ത്തു !

ശൈത്യം നിന്‍റെ എല്ലുകളെ മരവിപ്പിച്ചുവോ ? ,
നിനക്ക് തണുക്കുന്നുണ്ടാവുമോ ??
നീ വിയര്‍തൊലിച്ചുവോ… ?
സൂര്യ നാളങ്ങള്‍ നിന്നെ പോള്ളിക്കുന്നുവോ ?

അത് മാത്രമായി എന്‍റെ ചിന്തകള്‍ ഒതുങ്ങി ..
ദിനരാത്രങ്ങള്‍ മെല്ലെ മെല്ലെ ഒന്നൊന്നായി കൊഴിഞ്ഞുപോയി .

ഉപേക്ഷിക്കപെട്ടു കഴിഞ്ഞിട്ടും , എന്‍റെ ചിന്തകള്‍ക്കും ,
ചെയ്തികള്‍ക്കും മാറ്റം വന്നതേയില്ല ..

നിന്‍റെ പൊയ്പ്പോയ സ്നേഹത്തിന്റെ , എനിക്ക് നീ ഭ്രഷ്ട് കല്പിച്ച
നിന്‍ നോട്ടത്തിന്റെ , കേള്‍ക്കാന്‍ കൊതിച്ച വാക്കിന്റെ ..

അതിന്റെയെല്ലാം അപ്പുറം എന്തിന്റെയൊക്കെയോ വാള്‍ മുന മൂര്ച്ചയാല്‍
എന്‍റെ ഹൃദയം പിളര്‍ക്കും വരെ , ഒരുവേള അതിനുമപ്പുറം ..
ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടേയിരിക്കും !!

എവിടെയോ കേട്ട് മറന്നവ !





ഒരു പാലത്തിന്‍റെ കൈവരികള്‍ പിടിച്ചു
പുഴയെ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ വെറുതെ പറയുന്നു :
“ദാ , ഞാന്‍ താഴേക്ക്‌ ചാടുന്നു.."

“ ഞാനുണ്ടാവില്ല നിന്നോടൊപ്പം ”





ഉള്ളിലെ ചെറു നടുക്കം മുഖത്ത് കാട്ടാതിരിക്കാന്‍
ആത്മാവില്ലാത്ത ഒരു ചെറു പുഞ്ചിരി കൊണ്ട് ശ്രമിക്കുമ്പോള്‍ നീ ഗൗരവത്തില്‍ പറയുന്നു :






“ഞാന്‍ താഴെയായിരിക്കും , പുഴയുടെ മദ്ധ്യേ .. പുഴ നനയാതെ നിന്നെ താങ്ങാന്‍"
അത് കേട്ട് ഞാന്‍ ഒരു പുഞ്ചിരി തൂകുന്നു .

 നിന്‍ നെറ്റിയില്‍ ചുംബിക്കുന്നു !

മര്‍ത്യനെന്ന നാമം

ഏതൊരു കഠാരത്തുമ്പില്‍ ഒടുങ്ങുവാനായി
പടുത്തുയര്‍ത്തുന്നു നീ നിന്‍ ജീവിതം
എത്ര മനുഷ്യര്‍ തങ്ങളുടെ വരിയെല്ലിന്‍
എണ്ണം പറഞ്ഞനുഗ്രഹിച്ചീടണം നിനക്ക്
നിന്‍ സ്മാരകം കേട്ടിയുയര്‍ത്തുവാന്‍

ഒരു നൂറു വിലക്കും , അതിലേറെ വിലങ്ങുകളും
പേറുമീ ജീവിതത്തിനു പോരുളെന്തു ?
ഏതോരാ, ആരാധനാലയത്തില്‍ , ഏതൊരാശ്രമത്തില്‍
ചെന്ന് തപസ്സിരുന്നാല്‍ , ഒടുങ്ങുമീ
പാപ ബോധ, മതിനറുതി കാണാന്‍


നിന്‍റെ കാരുണ്യ നീരുറവ കുടിച്ചു
വളരുവാനാഗ്രഹിച്ച പേടമാനിന്‍ അന്ത്യം
നിന്‍ കൈയാലെന്നതിനുപരി ,
നീയതിനെ കൊന്നു നിന്‍ അത്താഴത്തിനു
വിളമ്പി സല്‍കരിച്ചവനല്ലയോ , പടുപാപി ??

മര്‍ത്യനെന്നു പുകള്‍പെട്ട നിന്നെയല്ലോ ,
കരുണ തന്‍ ആത്മീയ രൂപമായി നിനച്ചത് ?!

മനുഷ്യാ , നിന്‍റെ അഹന്തയ്കും , അധമത്തിനും
മറ്റൊരു കല്കിയും , കൃഷ്ണനും വന്നു കൂടായ്കയില്ല .
പാപിയാം നിന്നെ മണ്ണോടു ചേര്‍ക്കാന്‍ പിറക്കുന്ന
ഉണ്ണിയ്ക്ക് നല്‍കൂ നീ നിന്‍ മര്‍ത്യനെന്ന നാമം .
അത് അര്‍ത്ഥവത്താകട്ടെ !!

ഇനിയെന്ത് ജീവിതം , ഇനിയെന്ത് വഴി !

ഉഗ്രമാം ക്രോധത്തിന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന അഗ്നിക്കാളുവാന്‍
എന്‍ നഗ്ന ശിഷ്ട ദേഹി മാത്രം
പച്ചയായി കത്തുന്ന മാംസത്തിന്‍ മണം
ദുഷ്ടനാം ഇഷ്ടന്റെ ചിത്രത്തെ മൂടുന്നു .
ചുടലതന്‍ ഭസ്മം പൂശി ദേഹിയെ ശുദ്ധം വരുത്തുവാന്‍ ആവില്ല ,
ദേഹിയില്ല , അതും നിനക്കായ്‌ ഹോമിച്ചു പോയില്ലേ ?
ശാന്തി നേടുവാന്‍ ഇനിയെന്ത് വഴി …..
മോക്ഷത്തിന്‍ ഇടവഴി തേടി ഞാന്‍ അലയുന്നു .,
ക്ഷീണിച്ചു പോകുന്നു .. തളരാതെ തളരുന്നു .
അണപൊട്ടിയൊഴുകുന്ന ക്രോധത്തിനെ
തടയിട്ടു നിര്‍ത്തുവാന്‍ ആയീല എനിക്കിതുവരെ
മുമ്പേ തുളുമ്പുന്ന ദുഖമാ, ഒഴുക്കിനു
ആക്കമേറുവാന്‍ മാത്രമായി ഭവിക്കുന്നു !
ക്രുദ്ധനായി , ദുഖിയായി - ഒടുങ്ങുമീ ജീവിതത്തിനോടുവിലെ
കണക്കെടുപ്പില്‍ , നഷ്ടങ്ങളുടെ ത്രാസില്‍ തൂക്കമേറെ !
താളം തെറ്റിയ ലോകത്തിന്‍ പ്രതിനിധിയാകുവാനായിരുന്നോ ,
എന്‍റെ ജീവിതം ?

ക്രുദ്ധന്‍ (കവിത)

മാനദണ്ഡങ്ങള്‍ ഒന്നുമേ തെല്ലുമേ ഏശാതെ
കൂസല്ലില്ലാതെ നടന്നകലുന്നു മെല്ലെ !
പരക്കെ കിടക്കുന്ന പെരുവഴികള്‍ താണ്ടി, യവന്‍
നീങ്ങുന്നു ദൂരേയ്ക്കു ദൂരെയ്ക്കെങ്ങോ ..

ജീവിതം തെറ്റെന്നു, ജനിച്ചതേ തെറ്റെ-
ന്നാര്‍ത്തട്ടഹസിച്ച് കൊണ്ട് ചലിക്കുന്നവന്‍.
അനന്തതയില്‍ കണ്ണുനട്ട് , ഇമ വെട്ടാതെ
തെല്ലുമേ കൂസാതെ നടന്നു നീങ്ങുന്നു വീണ്ടും.

നൊടിയ്ക്കൊന്നു പതറാതെ, കാണികളെയോക്കെയും
അണികളായി മാറ്റി,യവനിതാ പോകുന്നു !
അവന്‍ ചോദിയ്ക്കുന്നു;
" എന്തേ, നിങ്ങള്‍ എന്നെ കല്ലെറിയുന്നില്ല ?!.

ഭ്രാന്തനെന്നാര്‍ത്തു വിളിക്കുന്നില്ല ?!!"

അണികളായി മാറിയ കാനികലാരോ മൊഴിഞ്ഞു :
" ഞങ്ങളും പിറന്നതീ ഭൂമിയില്‍, ഈ മാത്ര
ചരിയ്ക്കുന്നതീ മണ്ണില്‍.. പേറുന്നത് ഒരേ മതം.
നമിയ്ക്കുന്നതൊരെ തത്വവും തേടുന്നത്ഒരേ സത്യവും ."

ഇളം തെന്നല്‍ ശ്രുതിചേര്‍ത്ത് മീട്ടുമീ വിഹായസ്സില്‍,
ശൂന്യമാം വഴിതേടി പിന്നെയും അലയുന്നു വ്യഥാ.

ഞെട്ടിപിടഞ്ഞെഴുന്നേറ്റു നോക്കി ഞാന്‍ തല്‍ക്ഷണം
കിനാവാണെന്നാകിലും , നന്നേ വിറയ്ക്കുന്നു എന്‍ മനം!
ഉടലോട്ടി വിയര്‍ക്കുന്നു, സര്‍വ്വാംഗം കുളിര്‍ക്കുന്നു
ഭയമെന്ന വിഷബീജം എന്നില്‍ തളിര്‍ക്കുന്നു .

അണയുവാന്‍ തുനിഞ്ഞോരാ ഓട്ടുവിളക്കിനെ
അന്ധകാരത്തിലാഴ്ത്തി തിരികെ വരുവാന്‍
ഒരു കൊച്ചു കാറ്റ് പടിഞ്ഞാട്ടു വീശുന്നു .
കാറ്റേറ്റ്‌ അരുണന്റെ പ്രഭപോലും മെല്ലെ അകലുന്നു !

ക്രോധമാം അഗ്നിക്കാളിപടരുവാന്‍, അവര്‍
മെല്ലെ അതിലേക്കു 'സ്നേഹം ' പകരുന്നു .
ആ മൊഴികള്‍ ഓരോന്നും കാറ്റിലിറ്റിറ്റു വീഴവെ
ചെന്നു ഞാന്‍, പാഞ്ഞതിനടുത്തെത്തി നില്‍ക്കുന്നു.

ആളികത്തണമെനിക്കതില്‍, വെന്തു വേണ്ണീരാവോളം
ക്രുദ്ധമാം മനസ്സിനെ തെല്ലോന്നടക്കുവാന്‍
പെട്ട പാടു ചെറുതല്ല, ഈശനെ, നിനക്ക് മാത്രം
സ്വായത്തമാം രഹസ്യമെന്നാകിലും !

വിശപ്പോട്ടടങ്ങാത്ത വയറും മനസ്സുമായി
പിന്നെയും കേട്ട് ഞാന്‍ 'പടുപാപി' യെന്നാര്‍ത്തത് !
പിന്നെ ഞാന്‍ ഒന്നുമേ കണ്ടതില്ല ... !
പിന്നെ ഞാന്‍ ഒന്നുമേ കേട്ടതില്ല, അറിഞ്ഞതില്ല !!

യാതൊരു ജല്പനവുമലചില്ല കര്‍ണ്ണത്തില്‍
അക്ഷണമെങ്ങുമേ മറ്റോലി കൊള്ളുമാര്‍
ഉച്ചത്തിലായി നിശബ്തതന്‍ നിലവിളി
അതിന്‍റെ മാറ്റൊലി ദിഗന്തങ്ങളും താണ്ടി.!!

"പരാതീതനു പഥ്യമല്ലാത്തതൊക്കെയും
വര്‍ജിച്ചു തള്ളേണം, പടുപാപിയാം
പഥികര്‍തന്‍ ഹിംസ വേണം ക്ഷണം"-
ഉള്ളിലായി ആരോ ചൊല്ലിയത് കേട്ടു ഞാന്‍.

നിണം കുടിച്ചാര്‍ത്തി തീരാത്തൊരെന്‍
കത്തി,പച്ചമംസത്തില്‍ ചിത്രം വരച്ചു.
പിന്നെയെന്നിലെ തീയണയ്ക്കുവാനോടി ഞാന്‍
ചെന്നതാം, പുഴയുടെ മടിത്തട്ടില്‍, ആഴത്തില്‍ !

അറ‌ിഞ്ഞു ഞാനെനുള്ളിലാ നനവുകള്‍
തെല്ലോട്ടണഞ്ഞു എന്നിലെ കനലുകള്‍
പിന്നെയൊട്ടുമേ ശേഷിക്കാതെ, മെല്ലെയെന്നിലെ
അവസാന നാളവും കെട്ടടങ്ങീടുന്നു.

ശൗര്യവും ജ്വാലയും കെട്ടൊരാ ചിതയിലിന്നു
ശേഷിപ്പായി ചുടലഭസ്മവും ചാരവും.
കാലപ്രയാണത്തില്‍ ചരിത്രം കുറിച്ചിട്ടു:
" ഒടുങ്ങീ പടുപാപി, എന്നേക്കുമെന്നെക്കും !

പരിണാമം (ചെറു കഥ )


മാറുന്ന ലോകത്തിന്റെ അര്‍ത്ഥശൂന്യതയില്‍ പ്രതിഷേധിച്ചു ഞാനെന്‍റെ താടിയും മുടിയും നീട്ടി വളര്‍ത്തി.
വളരെ നാളുകള്‍ കൊണ്ട് , നീണ്ടു ജടകെട്ടിയ ഒരു പ്രാകൃത രൂപമെനിക്ക് കൈവന്നു . താമസിയാതെ പ്രകൃതിയിലെ ക്ഷുദ്രജീവികള്‍ അവയുടെ വാസസ്ഥലം എന്‍റെ ജരാനരയ്ക്കുള്ളില്‍ കണ്ടെത്തിയത് ഞാന്‍ വൈകിയാണെങ്കിലും അറിഞ്ഞിരുന്നു . അവയെ ആട്ടിയോടിക്കുവാന്‍ ഞാന്‍ മിനക്കെട്ടില്ല. സഹജീവികളോട് ഞാന്‍ അപ്രകാരം നീതി പുലര്‍ത്തുവാന്‍ പരിശ്രമിച്ചു. നിശബ്ദം ഞാന്‍ അവയെ സഹിച്ചു.

അധികം താമസിച്ചില്ല. അവ കുടുംബമായി, സമൂഹമായി പെറ്റു പെരുകി.
വന്നവയൊന്നും തിരികെ പോകാന്‍ കൂട്ടാക്കിയില്ല, അവയുടെ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് എന്നെ വിട്ട്പോകാത്തത് എന്ന് ഞാനും ധരിച്ചു.

മെല്ലെ മെല്ലെ അതിഥികള്‍ ആതിഥെയരാവാന്‍ തുടങ്ങി.മുന്‍‌കാല പ്രാബല്യത്തൊടെ അവ എന്‍റെ മേല്‍ പട്ടയം പതിച്ചെടുക്കാന്‍ തുടങ്ങി . എന്‍റെ ശരീരം അവര്‍ ഭക്ഷണം ആക്കാനും എന്‍റെ രക്തം അവരുടെ ദാഹം തീര്‍ക്കുവാനും ഉപകര‌ിച്ചു തുടങ്ങി. അനന്തരം ഞാന്‍ നേര്‍ത്തു നേര്‍ത്തു വന്നു. സഹജീവി സ്നേഹം എന്നില്‍ ലഹരി നിറചിരുന്നതിനാല്‍ ഞാന്‍ അതൊക്കെ നിരാകരിച്ചു. അവയുടെ സ്നേഹം കണക്കിലെടുത്ത്‌ ഞാനെന്‍റെ അനാരോഗ്യതിനെതിരെ പുറംതിരിഞ്ഞു നിന്നു.

ഒരിക്കല്‍ ഞാന്‍ അവയില്‍ ചിലതിന്‍റെ സംസാരം കേള്‍ക്കാന്‍ ഇടയായി. "ഈ വിഡ്ഢിയില്ലായിരുന്നു എങ്കില്‍ ബുദ്ധി ജീവികളുടെ ഈ ലോകത്ത്‌ നാം എവിടെ പോയേനെ ?. എങ്ങനെ ജീവിച്ചേനെ?". അതെന്നെ തിരിച്ചറിവുള്ളവനാക്കി. ഞാന്‍ ഉണര്‍ന്നു . ലോകം മാറിയതറിഞ്ഞു. മാറ്റം നേരില്‍ കണ്ടു. ഞെട്ടലോടെ തിരിച്ചറിഞ്ഞു :" എന്നെ പോലെ ഇന്ന് ഞാന്‍ മാത്രമേ ഉള്ളു എന്ന് " .

ഞാന്‍ സ്വയം പുച്ഛിച്ചു. അന്ന് എന്‍റെ രോമങ്ങള്‍ ക്ഷുരകന്റെ കത്തിക്കിരയായി .
ഒരു വിഡ്ഢിയില്‍ നിന്നും ഒരു ബുദ്ധിജീവിയിലെക്കുള്ള പരിണാമം ആയിരുന്നു അത്.

ഏകന്‍

തെക്കിനിയിലെ ജാലകത്തില്‍ തെളിഞ്ഞ അഭ്രപാളിയില്‍ കൂടി കുറെ നക്ഷത്രങ്ങളെ കാണാമായിരുന്നു .. ദൂരെ മാറി ഒറ്റയ്ക് നിന്ന ഒരു നക്ഷത്രം എന്നെ നോക്കി ഒരു ചെറു പുഞ്ചിരി തൂകിയ പോലെ തോന്നി ..

നക്ഷത്രകൂട്ടങ്ങളുടെ അലൌകിക സൗന്ദര്യം ഒന്നും ആ ഒറ്റപെട്ട താരകത്തിനില്ലായിരുന്നു.

എങ്കിലും , എന്റെ ശ്രദ്ധയാകര്‍ഷിച്ചത്, ആ ഒറ്റയാനായിരുന്നു ..
അതെന്നെയും ശ്രദ്ധിച്ചിട്ടുണ്ടാകണം ..അതാണല്ലോ പിന്നീട് പല അവസരത്തിലും അതെന്നെ നോക്കി വീണ്ടും സൗഹൃദത്തിന്റെ ചിരി തൂകിയത് ..

ഞങ്ങള്‍ ഇതിനകം പരിചിതരായി കഴിഞ്ഞിരുന്നു ...

ഒരിക്കല്‍ അതെന്നോട്‌ ചോദിച്ചു :

"മാമലകളും ,, അരുവികളും അല്ലാതെ നിനക്കാരുമില്ലേ ..!?..
നിന്‍റെ സൗഹൃദകൂട്ടത്തിന്നു എന്ത് പറ്റി ?"

ഞാന്‍ മറുപടി പറഞ്ഞത് ഒരു മറുചോദ്യം കൊണ്ടാണ് ...:
"എന്തേ നീ ഒറ്റയ്ക്ക് നിലകൊള്ളുന്നു .. നക്ഷത്രകൂട്ടങ്ങളില്‍ നിന്നും നന്നേ അകന്ന് !?"..


ആ താരം ആത്മഗതം എന്നപോലെ എന്നോട് പറഞ്ഞു :
" നിന്‍റെ കഴിഞ്ഞ കാലമായിരുന്നു ഞാന്‍ "

അന്നത്തെ വൈകുന്നേരം , പുതിയതായി തുറന്ന എന്‍റെ നാള്‍വഴി പുസ്തകത്തില്‍ , കറുത്ത മഷികൊണ്ട് ഞാന്‍ മെല്ലെ കോറിയിട്ടു :
"ഞാന്‍ ഏകനല്ല !"

മുറിപെട്ടവന്‍

ഏകാന്തതയുടെ വാള്‍ മുനമൂര്ച്ച്ചയില്‍
മനസ്സോട്ടു മുറിപെട്ടോരാ രാത്രിയില്‍
ക്ഷണിക്കാതെ കയറി വന്നൊരതിഥിയെപ്പോലെ
ജീര്‍ന്നിച്ച്ച്ചു മുഷിഞ്ഞ്ഞ്ഞ ഓര്‍മ്മകള്‍ ഒന്നൊന്നായി വരവായി.

സ്വീകരിച്ച്ചിരുത്താനും , തിരസ്കരിച്ച്ചയക്കാനും കഴിയാതെ
വീര്‍പ്പുമുട്ടുകയായിരുന്നു ഞാന്‍ ..
വിട്വേഷമാണോ, വിഷാധമാണോ.. അറിയില്ല .
സന്തോഷമല്ലതെന്നു നിശ്ചയം ...!

മനസ്സിന്റെ ചിതയില്‍ കത്ത്തിയമര്‍ന്നവ
പുതുജീവന്‍ വെച്ച്ച്ചുണര്‍ന്നു വന്നെന്നോ ?
ഓര്‍മ്മയിലെ ബാല്യവും മുറിപ്പെട്ട കൌമാരവും
വ്രണപ്പെട്ട മനസ്സിനെ വികലമാക്കുന്നു .

ശാന്തമാം തണലത്ത് ഒറ്റയ്കിരിക്കുമ്പോള്‍ എന്നെ
ചെറുകാറ്റത്ത് ഇളകുന്ന പട്ടം കാട്ടി വരികെന്നു ചൊല്ലി -
പിന്നെ , ചരടുപ്പോട്ടിച്ച്ച്ചു കൈകൊട്ടിയാര്‍ത്ത് ചിരിച്ച
സതീര്ത്ത്യനാണ് ഇന്നുമെന്റെ മനസ്സിലെ ബാല്യം .

ഉഷ്നിച്ച്ച എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച്ചീരനാക്കിയവള്‍
എന്‍ നേരെ കൊഞ്ഞനം കുത്തിയപ്പോള്‍ ആകണം
ഞാനെന്റെ തോല്‍വികള്‍ ഏറ്റുപറഞ്ഞുതുടങ്ങിയത്‌
എന്റെ കൌമാരം വിരതപൂരിതമാക്കി അവളും കടന്നു പോയി .



വര്‍ഷത്ത്തിലോരോണം കണക്കു വന്നിരുന്ന സന്തോഷങ്ങള്‍ ..
തെല്ലിട കൂടി കാത്തുനില്‍കാതെ അവയും എന്നെ വിട്ടകലുന്നു.
ഒടുവില്‍ മടുത്തു ഞാന്‍ ആ ചെറുചഷകത്തിലെ കയ്പുനീര്‍
കുടിച്ചിറക്കുമ്പോള്‍ മാത്രം എന്‍ നാവു മധുരിക്കുന്നു .

ആറടി മണ്ണിന്റെ ഉടയവനായി , ഈ മണ്ണില്‍ ആരും കാണാതെ
ആരാലും കേള്‍ക്കാതെ , എല്ലാം കണ്ടും കേട്ടും അറിഞ്ഞ്ഞ്ഞും ,
നിദ്രാവിഹീനനായി കാവല്‍ നില്‍ക്കുമ്പോളും ,
ഈ ലോകം എന്നില്‍ അശാന്തിതന്‍ കരിനിഴല്‍ വീഴ്ത്തുന്നു ..

അവിടെ , അവിടെ ഞാനെന്റെ ആശകളൊക്കെ വെച്ച്ച്ചുകെട്ടുന്നു ..!!